26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam കുരഞ്ഞിയൂര്‍ തച്ചനായില്‍ തോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട് പ്രദേശവാസികള്‍

കുരഞ്ഞിയൂര്‍ തച്ചനായില്‍ തോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട് പ്രദേശവാസികള്‍

50

ജലത്തിന്റെ നിറവ്യത്യാസവും ദുര്‍ഗന്ധവും പ്രദേശത്തെ വീട്ടുകാര്‍ക്ക് ആശങ്ക. പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂര്‍ തച്ചനായില്‍ തോട്ടിലെ വെള്ളത്തിനാണ് നിറവ്യത്യാസവും ദുര്‍ഗന്ധവും വമിക്കുന്നത്. ഇതുമൂലം പരിസരത്തെ ഇരുപതോളം വീട്ടുകാരാണ് ദുരിതത്തില്‍ ആയിരിക്കുന്നത്. ദുര്‍ഗന്ധം കാരണം വീടിന പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വെള്ളം ഇങ്ങനെ ആയതിന്റെ കാരണം എന്തെന്നും വ്യക്തമല്ല. വേനല്‍ അവസാനിക്കുമ്പോഴാണ് നിറ വ്യത്യാസം തുടങ്ങുക. ഏതാനും വര്‍ഷം മുന്‍പാണ് വെള്ളത്തിനു കറുത്ത നിറം വന്ന് തുടങ്ങിയത്. ഇതോടൊപ്പം വെള്ളത്തിനു മണവും തുടങ്ങും. മീനുകള്‍ ചത്തു പൊന്തും. കുട്ടാടന്‍ പാടശേഖരത്തിലെ പാടികള്‍ ചീയുന്നതാണ് ദുര്‍ഗന്ധത്തിനു കാരണമെന്ന് പറഞ്ഞിരുന്നെങ്കിലും മറ്റ് പ്രദേശങ്ങളില്‍ വെള്ളത്തിനു ചീത്ത മണം ഉണ്ടാവാറില്ല. കുരഞ്ഞിയൂരിലെ അച്ചാര്‍ കമ്പനിയിലെ മാലിന്യം പാടത്ത് തള്ളുന്നു എന്ന ആക്ഷേപത്തിനും സ്ഥിരീകരണമില്ല. മാത്രമല്ല അച്ചാര്‍ കമ്പനിയുടെ സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിനു ഇത്തരത്തില്‍ നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഇല്ല. ഇതൊന്നും അല്ലാതെ മറ്റെന്തെങ്കിലും മാലിന്യം തോട്ടില്‍ തള്ളുന്നുണ്ടോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംശയം. മഴ പെയ്ത് തോട് നിറഞ്ഞൊഴുകിയാല്‍ മാത്രമാണ് ദുര്‍ഗന്ധം അവസാനിക്കുക. ഇത്തവണ മഴ കുറവായതിനാല്‍ ദുര്‍ഗന്ധം തുടരുകയാണ്. കുട്ടാടന്‍ പാടത്ത് നിന്നു തുടങ്ങി കനോലി കനാലിലാണ് ഒരു കിലോമീറ്ററോളം നീളമുള്ള തോട് അവസാനിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ തോട്ടിലെ ചെളി കോരി വൃത്തിയാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കുറഞ്ഞിയൂര്‍ ക്ഷേത്രത്തിന് ഏതാനും മീറ്റര്‍ ദൂരത്താണ് തമ്പുരാന്‍പടി കണ്ടു ബസാര്‍ റോഡിന് കുറുകെ തച്ചനായില്‍ തോട് കടന്നുപോവുന്നത്. പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ഇടപ്പെട്ട് എത്രയും പെട്ടന്ന് തോട് വൃത്തിയാക്കുകയും വെള്ളത്തിന്റെ നിറ വ്യത്യാസവും ദുര്‍ഗന്ധവും കണ്ടുപിടിച്ച് പ്രദേശത്തെ വീട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണ് ഇവരുടെ അപേക്ഷ.

ADVERTISEMENT
error: Content is protected !!