സാമ്പത്തിക തട്ടിപ്പ് കേസ് ; വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്ത വേലൂര്‍ വേങ്ങിലശ്ശേരി മണിമലര്‍ക്കാവ് ക്ഷേത്രം മേല്‍ശാന്തി വൈക്കം നാരായണന് നമ്പൂതിരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു. 95 ഗ്രാം സ്വര്‍ണ്ണം ടെയ്ക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന വിയ്യൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി മണിമലര്‍ക്കാവ് മേല്‍ശാന്തിയായി നാരായണന് നമ്പൂതിരി സേവനമനുഷ്ഠിക്കുകയാണ്. ഈ കാലയളവില്‍ അദ്ദേഹത്തിന് എതിരെ പൂജാ കാര്യങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഭക്തരുടെ ഭാഗത്ത് നിന്ന് യാതൊരു പരാതികളും ഉണ്ടായിട്ടില്ല. രേഖപ്രകാരം ഒരു പരാതിയും ക്ഷേത്രം കമ്മിറ്റിക്കോ ട്രസ്റ്റിന്നോ ലഭിച്ചിട്ടുമില്ല. വര്‍ഷം തോറും അദ്ദേഹത്തിന് അനുവദിക്കുന്ന ലീവിന്റെ ഭാഗമായി ജൂണ്‍ 10-ാം തീയതി മുതല്‍ ഒരു മാസത്തെ ലീവിലാണ്.ഈ വിഷയം അറിഞ്ഞപ്പോള്‍ ക്ഷേത്ര കമ്മിറ്റിയും മാതൃസമിതിയും അടിയന്തിരമായി യോഗം ചേരുകയും ക്ഷേത്രം മേല്‍ശാന്തി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാഗം കേട്ട് മേല്‍ നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.



