ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപം ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന് (70), ഭാര്യ അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവസമയത്ത് ദമ്പതികള്‍ ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് വീടിനുള്ളില്‍ തീ പടരുകയും മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. പുക ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ഉടന്‍തന്നെ ആക്ട്സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിന്റ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായി കത്തി നശിച്ചു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണ്ണമായും അണച്ചു. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



