ഗുരുവായൂര്‍ ദേവസ്വം കീഴേടമായ കുന്നംകുളം തലക്കോട്ടുക്കര മഹാദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ 11 ദിവസങ്ങളായി നടന്നുവന്ന പുനഃപ്രതിഷ്ഠയും കര്‍പ്പൂരാദി-നവീകരണ സഹസ്രകലശ ചടങ്ങുകളും സമാപിച്ചു.63 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്ന ഈ വിപുലമായ പുണ്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. പ്രധാന പ്രതിഷ്ഠയായ ശിവന് പുറമെ സ്വയംഭൂവായ ശിവനും പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നായ തലക്കോട്ടുക്കരയില്‍, ഇരു പ്രതിഷ്ഠകള്‍ക്കും പ്രത്യേകമായാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകളും സഹസ്രകലശാഭിഷേകവും നടന്നത്. പൂര്‍ണ്ണമായും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തിലും ചെലവിലുമായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.കഴിഞ്ഞ ജൂലൈ 8 ന് ആചാര്യവരണം, മുളയിടല്‍, പ്രസാദ ശുദ്ധി തുടങ്ങിയ താന്ത്രിക ചടങ്ങുകളോടെ ആരംഭിച്ച ഉത്സവത്തിനാണ് ഇന്ന് ശുഭപര്യവസാനമായത്. ക്ഷേത്രം തന്ത്രിമാരായ കരകന്നൂര്‍ വടക്കേടത്ത് നാരായണന് നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആലുവ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ പി. ബാലകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തില്‍ പ്രമുഖ താന്ത്രിക ആചാര്യന്മാരും വൈദിക ശ്രേഷ്ഠരും ചടങ്ങുകളില്‍ പങ്കാളികളായി. ക്ഷേത്രം മേല്‍ശാന്തിമാരായ വി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി, ഇ.ആര്. അജിത്ത് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ക്ഷേത്രത്തില്‍ വിപുലമായ പ്രസാദ ഊട്ട് നടന്നു.വരുംദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ദര്‍ശന സൗകര്യങ്ങളും തുടരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങുകള്‍ സമാപിച്ചതോടെ പുനരുദ്ധാരണ പ്രക്രിയ പൂര്‍ത്തിയായ തലക്കോട്ടുക്കര മഹാദേവ ക്ഷേത്രം ഇനി കൂടുതല്‍ ഭക്തജനത്തിരക്കിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Home Uncategorized തലക്കോട്ടുക്കര മഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും കര്‍പ്പൂരാദി-നവീകരണ സഹസ്രകലശ ചടങ്ങുകളും സമാപിച്ചു



