കാഞ്ഞാണിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കാഞ്ഞാണി സെന്ററില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ വാനും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമാകുന്നതെന്ന വ്യാപക പരാതിയുണ്ട്. ഏനാമ്മാവ് റോഡില്‍ നിന്നും വരുന്ന വാഹനമോടിക്കുന്നവര്‍ക്ക് മുന്നില്‍ കാഞ്ഞാണി സെന്ററാണെന്ന വ്യക്തമായ മുന്നറിയിപ്പ് നല്കുന്ന സൂചനകളാന്നും സ്ഥാപിച്ചിട്ടില്ലാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമാകുന്നത്. കാഞ്ഞാണി സെന്ററിന്റെ തെക്ക്- വടക്ക് ഭാഗത്ത് നിന്ന് വരുന്ന സ്ഥലം പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനം നേരെ ഓടിച്ചു കയറ്റുന്ന സാഹചര്യമാണുള്ളത്. ഇതേ സമയം സംസ്ഥാന പാതയിലൂടെ തൃശൂര്‍, വാടാനപ്പള്ളി ഭാഗങ്ങളില്‍ നിന്നും വേഗതയില്‍ വരുന്ന വാഹനങ്ങളുമായാണ് നിരന്തരം കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ സംഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ അന്തിക്കാട് പൊലീസും പൊതുമരാമത്ത് വകുപ്പും മണലൂര്‍ പഞ്ചായത്തും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.



