പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
വടക്കേക്കാട് സ്റ്റേഷനിലെ സിപിഒ മാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കേക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടത്. പുന്നയൂര്‍ക്കുളം ചമ്മനൂര് മുണ്ടാറയില്‍ വീട്ടില്‍ മുഹമ്മദ് ഷിഫാനാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വടക്കേക്കാട് ഹെല്‍ത്ത് സെന്ററിലേക്ക് എത്തിച്ചതായിരുന്നു. ഇരു കൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്ന് പറയുന്നു. രണ്ടാഴ്ച മുന്‍പ് കുന്നത്തൂര്‍ ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍, വടക്കേകാട് മുരിയന്തടം കോതോട്ടില്‍ വിഷ്ണു യാദവിനെ ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലായിരുന്നു അറസ്റ്റ്. നേരത്തെ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലും ഉള്‍പ്പെട്ടയാളാണ്. ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്.



