25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam ഉഭയൂര്‍ ശിവക്ഷേത്രത്തില്‍ ആനയൂട്ടും,വിശേഷാല്‍ ചടങ്ങുകളും നടന്നു

ഉഭയൂര്‍ ശിവക്ഷേത്രത്തില്‍ ആനയൂട്ടും,വിശേഷാല്‍ ചടങ്ങുകളും നടന്നു

കാണിപ്പയ്യൂര്‍ ഉഭയൂര്‍ ശിവക്ഷേത്രത്തില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി വര്‍ഷംതോറും നടത്തിവരാറുള്ള ആനയൂട്ടും,വിശേഷാല്‍ ചടങ്ങുകളും നടന്നു. തട്ടകത്തിലെ നൂറുകണക്കിന് ഭക്തജനങ്ങളുടെ സന്നിധിയിലാണ് മഹാഗണപതിഹോമം, ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം പൂര്‍ത്തിയാക്കിയത്. നാടിനും വീടിനും ഐശ്വര്യവും വിഘ്‌നനിവാരണവും തേടി പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ പ്രത്യേക മഹാഗണപതിഹോമം ആരംഭിച്ചു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ആനയൂട്ട് ചടങ്ങില്‍ കുട്ടികളടക്കം നിരവധി ഭക്തര്‍ പങ്കെടുത്തു. പ്രത്യേക മന്ത്രോച്ചാരണങ്ങളോടെ ശര്‍ക്കര, പഴം, ചോറ് എന്നിവ ഗജവീരന്‍ നാണു എഴുത്തച്ഛന്‍ ശങ്കരനാരായണന് നല്‍കി ഭക്തജനങ്ങള്‍ അനുഗ്രഹം തേടി. പൂജാതികര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയ്യൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി മഹേഷ് അയ്യര്‍ എന്നിവര്‍ മുഖ്യകാര്‍മികരായി. കര്‍ക്കിടക മാസത്തിലെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി തയാറാക്കിയ വിശേഷാല്‍ ഔഷധക്കഞ്ഞിയും ചടങ്ങിനെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കുമായി വിതരണവും ഉണ്ടായി. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണ മേനോന്‍, സെക്രട്ടറി എം ആര്‍ നിമിലാകരന്‍, വൈസ് പ്രസിഡന്റ് കെ. വി ഹരിദാസ് , ട്രഷറര്‍ കെ ശിവദാസന്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!