ചൊവ്വന്നൂര്‍ മോര്‍ഫിംഗ് കേസ്: ഇരകളുടെ എതിര്‍വാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ഇതോടെ ജാമ്യം നേടാനുള്ള പ്രതിയുടെ മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടു.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അനുമതിയില്ലാതെ ശേഖരിച്ച് മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്‌തെന്ന കേസിലെ പ്രതി അനന്തു സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസിന്റെ ഗൗരവവും ഇരകള്‍ ഉന്നയിച്ച ആശങ്കകളും പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകളും തള്ളിയിരുന്നു. പ്രതിക്കെതിരായ ആരോപണങ്ങളുടെ ഗൗരവം, സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനം, ഡിജിറ്റല്‍ തെളിവുകളില്‍ ഇടപെടല്‍ നടത്താനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം, സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.



