ചാവക്കാട് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. സിനിമാ സംവിധായകന്‍ ആലുംപടി വിജീഷ് മണിയുടെ 18 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ജിംനി ജീപ്പാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴാണ് വാഹനം കത്തുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ബഹളം വെക്കുകയും, ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുകയുമായിരുന്നു. സംഭവസമയത്ത് രണ്ട് പേര്‍ ചേര്‍ന്ന് വാഹനം കത്തിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചും പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.




