24.9 C
Kunnamkulam
Sunday, August 2, 2026
Home Uncategorized മഴക്കെടുതി പ്രതിരോധം ശക്തമാക്കാൻ അടിയന്തര അവലോകന യോഗം ചേര്‍ന്നു

മഴക്കെടുതി പ്രതിരോധം ശക്തമാക്കാൻ അടിയന്തര അവലോകന യോഗം ചേര്‍ന്നു

സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പ്രൊഫ.സി. രവീന്ദ്രനാഥ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അടിയന്തിര അവലോകന യോഗം ചേര്‍ന്നു.ഗൂഗിള്‍ മീറ്റിലൂടെ ചേര്‍ന്ന യോഗത്തില്‍ മണലൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സൂപ്രണ്ടുമാര്‍, പൊതുമരാമത്ത് റോഡ് വിഭാഗം, ജലസേചന വകുപ്പ് ഇറിഗേഷന്‍ എഞ്ചിനീയര്‍മാര്‍, തഹസില്‍ദാര്‍മാര്‍, പാവറട്ടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ പെയ്ത അതിതീവ്ര മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളും അനുബന്ധ പ്രശ്‌നങ്ങളും യോഗം വിശദമായി വിലയിരുത്തി. മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കി മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, തോടുകളും കാനകളും കലുങ്കുകളും ശുചീകരിക്കുക, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തുക, ദുരന്തനിവാരണ സംവിധാനങ്ങള്‍ സജ്ജമാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുക എന്നിവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ച് മഴമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. കൂടാതെ, അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!