കടവല്ലൂര്‍ പഞ്ചായത്ത് സാമ്പത്തിക തട്ടിപ്പ് ഭരണസമിതിയുടെ ഒത്താശയോടെയാണെന്ന് കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാര്‍ ആരോപിച്ചു.യുഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമ്പത്തിക തട്ടിപ്പ് കേവലം ഒരു ജീവനക്കാരന് മാത്രം വിചാരിച്ചാല്‍ നടക്കില്ല. കെ സ്മാര്‍ട്ട് വഴി പണം സ്വീകരിച്ചാല്‍ ഏഴു ദിവസത്തിനകം അക്കൗണ്ടില്‍ വരവുവെച്ച് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കണക്കുകള്‍ പരിശോധിച്ച് പാസാക്കണം. ഇത്തരം നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ തട്ടിപ്പ് പുറത്ത് വരാഞ്ഞത് പഞ്ചായത്ത് ഭരണസമിതിക്ക് തട്ടിപ്പില്‍ പങ്കുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ, പ്രസിഡന്റ് സന്ദര്‍ശിച്ച് പണം തിരിച്ചടച്ചാല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാം എന്ന് പറഞ്ഞത് ഭരണസമിതിയുടെ അഴിമതി മൂടി വയ്ക്കാനാണ്. മരിച്ചവര്‍ക്കും സ്ഥലത്തില്ലാത്തവര്‍ക്കും ക്ഷേമ പെന്ഷന് വിതരണം ചെയ്തത് മറ്റൊരു തട്ടിപ്പാണ്. കടവല്ലൂര്‍ പഞ്ചായത്തും സര്‍വീസ് സഹകരണ ബാങ്കും ഏജന്റുമാരും ചേര്‍ന്നുള്ള ഈ തട്ടിപ്പും അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആഭ്യന്തര വിജിലന്‍സ് അല്ല കടവല്ലൂര്‍ പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം കേരള പോലീസിന്റെ വിജിലന്‍സ് വിഭാഗം തന്നെ നടത്തേണ്ടതുണ്ടെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് പി കെ ദേവദാസ്, യുഡിഎഫ് കണ്‍വീനര്‍ നാസര്‍ കടവല്ലൂര്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നിഷ അരേകത്ത്, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി. എന്‍എച്ച് ജലീല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം എം അബ്ദുള്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.



