തീപിടിച്ച സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം മാത്രമല്ല, സാധാരണക്കാരുടെ കണ്ണീരൊപ്പാനും തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ടീം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജോലിക്കിടെ അബദ്ധത്തില്‍ കാനയില്‍ വീണുപോയ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് അതിസാഹസികമായ തിരച്ചിലിലൂടെ ഇവര്‍ കണ്ടെടുത്തത്. ദേവസ്വം ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിഫലമായതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത് ലാലിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ.ആര്‍. നിതിന്‍രാജും മറ്റ് ഉദ്യോഗസ്ഥരായ സി. ശിവഗിരി, ഡി. അഭിലാഷ്, എസ്. അഭിജിത് എന്നിവരും അടങ്ങിയ സംഘം ആള്‍നൂഴിയില്‍ ഇറങ്ങി അതീവ സൂക്ഷ്മതയോടെ പരിശോധന നടത്തുകയായിരുന്നു. മിനിട്ടുകള്‍ക്കം മാല കണ്ടെത്തി ഉടമയെ ഏല്‍പ്പിച്ചു.



