വെള്ളറക്കാട് കൊല്ലന്‍ പടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായ കടിച്ചു കൊന്ന കൊല്ലന്‍പടി കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയുടെ വീടിന്റെ പരിസര പ്രദേശത്താണ് തെരുവ് നായകള്‍ വിലസുന്നത്.കഴിഞ്ഞ മാര്‍ച്ച് 12നാണ് കൊല്ലന്‍പടി കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയെ തെരുവ് നായ കടിച്ചു കൊന്നത്. ഇതിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തു നിന്നും പ്രദേശവാസികള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല.പുലര്‍ച്ചെ 5 മണി മുതല്‍ അര്‍ദ്ധരാത്രി വരെയും തെരുവ് നായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ചെറുതും വലുതുമായ നായ്ക്കൂട്ടങ്ങള്‍ റോഡിലൂടെയും വീടിനു ചുറ്റുമായി കുരച്ച് കൊണ്ട് ഓടി നടക്കുകയാണ്. വീടിന് പുറത്തിടുന്ന ചെരുപ്പുകള്‍ കടിച്ചു കൊണ്ടു പോകുന്നതും നിത്യസംഭവമാണ്. രാത്രികാലങ്ങളില്‍ വീടിന്റെ പൂമുഖത്ത് ഉജാല നിറച്ച കുപ്പിവെള്ളം വെച്ചാണ് ഒട്ടുമിക്ക കുടുംബങ്ങളും നേരം വെളുപ്പിക്കുന്നത്. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെയാണ് വരാന്തകളില്‍ കിടന്ന് പരസ്പരം കടി കൂടുന്നത്. ആളൊഴിഞ്ഞ വീടുകളിലും പറമ്പുകളിലുമാണ് ഇവ തമ്പടിക്കുന്നത്. കാല്‍നടയായി സ്‌കൂളില്‍ പോകുന്ന കുട്ടികളും ജോലിയ്ക്ക് പോകുന്നവരുമാണ് നായ്ക്കള്‍ പൊറുതിമുട്ടിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.



