29.1 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam 23 വര്‍ഷമായി പട്ടയമില്ലാതെ ഒമ്പത് കുടുംബങ്ങള്‍ ; നഗരസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായി

23 വര്‍ഷമായി പട്ടയമില്ലാതെ ഒമ്പത് കുടുംബങ്ങള്‍ ; നഗരസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായി

25

കുന്നംകുളം നഗരസഭയില്‍ ചേരിനിര്‍മാര്‍ജന പദ്ധതിപ്രകാരം മാറിയ ഒമ്പത് കുടുംബങ്ങള്‍ പട്ടയം ലഭിക്കാതെ 23 വര്‍ഷമായി നേരിടുന്ന ദുരിതം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.ജീവനക്കാരന്റെ കൈയബദ്ധം മൂലം റോഡ് പുറമ്പോക്ക് എന്നതിന് പകരം തോട് പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതും ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് ആറുമാസത്തിനുശേഷം കൗണ്‍സിലില്‍ അവതരിപ്പിച്ചതും നടപടികള്‍ വൈകിപ്പിച്ചതായി കോണ്‍ഗ്രസിലെ ലെബീബ് ഹസ്സന്‍ കുറ്റപ്പെടുത്തി. പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അടക്കം നിഷേധിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കേണ്ട ബാധ്യത നഗരസഭയ്ക്കുണ്ടെന്ന് ആര്‍.എം.പി അംഗം ബിനീഷ് , കോണ്‍ഗ്രസ് അംഗം മിനിമോണ്‍സി എന്നിവരും ചൂണ്ടിക്കാട്ടി. വിഷയം പരിഹരിക്കാന്‍ നഗരസഭ-റവന്യൂ-എം.എല്‍.എ സംയുക്ത യോഗം വിളിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉറപ്പുനല്‍കി.അതോടൊപ്പം, ആര്‍ത്താറ്റില്‍ എച്ച്1എന്‍1 പനി പടരുന്ന വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നഗരസഭയെ അറിയിച്ചില്ലെന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശും ചൂണ്ടിക്കാട്ടിയെങ്കിലും രോഗവ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചു. ബി.ജെ.പി അംഗം ശ്രീജിത്ത് ചൂണ്ടിക്കാട്ടിയ കുട്ടികളുടെ പാര്‍ക്കിലെ തകര്‍ന്ന കളിയുപകരണങ്ങളുടെ പരാതി പരിഹരിക്കാന്‍ 25 ലക്ഷം രൂപ ചെലവഴിച്ച് ഉടന്‍ നവീകരണം ആരംഭിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ഗീതാ ശശി, രജീഷ് കില്ലപ്പന്‍, രഞ്ജിത്ത്, സോണി ഷാജി, ബീന ബാബു തുടങ്ങിയവരും സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!