ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹമാമാങ്കം തുടങ്ങി. പുലര്‍ച്ചെ നാലേ പത്തിന് ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെയാണ് വിവാഹങ്ങള്‍ തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. തുടര്‍ന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങള്‍ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പ്രമോദ് കളരിക്കല്‍, എം.രാധ, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി. മാനേജര്‍ എ.വി. പ്രശാന്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എന്‍. രാജീവ് തുടങ്ങിയവര്‍ സന്നിതരായിരുന്നു. രാവിലെ എട്ടര ആകുമ്പോഴേക്കും 250 ഓളം വിവാഹങ്ങള്‍ നടന്നു. സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍രാജ് ദേശമുഖ്, ഗുരുവായൂര്‍ എസിപി എം സുരേന്ദ്രന്‍, ടെമ്പിള്‍ പോലീസ് എസ് എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിച്ചത്. ഉച്ച പൂജയ്ക്ക് നടയടക്കുന്നതിന് മുമ്പ് വിവാഹങ്ങള്‍ പൂര്‍ത്തിയാകും. 447 വിവാഹങ്ങളാണ് ഇന്നത്തേക്ക് ശീട്ടാക്കിയിട്ടുള്ളത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത്.



