ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും പാട്ടിനെ കൂട്ടുപിടിച്ച് മുന്നേറുന്ന കാഴ്ചപരിമിതിയുള്ള ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കും കൈത്താങ്ങാകാന്‍ കലാകാരന്മാര്‍ ഗുരുവായൂരില്‍ ഒരുമിക്കുന്നു. വടക്കാഞ്ചേരി സ്വദേശിനിയും ആകാശവാണി-ദൂരദര്‍ശന്‍ കലാകാരിയുമായ ലൈല ഷാജിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് പ്രതീക്ഷയേകിയാണ് ‘സര്‍ഗ്ഗധ്വനി മെഗാഷോ സംഘടിപ്പിക്കുന്നത്. വി ഫോര്‍ മ്യൂസിക് ബാന്‍ഡ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 22ന് വൈകീട്ട് നാലിന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് സംഗീത-ഹാസ്യ-നൃത്ത വിരുന്നൊരുക്കുന്നത്. കാഴ്ചപരിമിതിയുള്ള ലൈലയും ഭര്‍ത്താവ് ഷാജിയും കുട്ടികളെ പാട്ടുപഠിപ്പിച്ചും ഗാനമേളകള്‍ അവതരിപ്പിച്ചുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിനിടെയാണ് അവരുടെ പത്ത് വയസ്സുള്ള മകന്റെ ചികിത്സയ്ക്കായി എല്ലാ മാസവും വലിയൊരു തുക കണ്ടെത്തേണ്ടിവരുന്നത്. ചികിത്സാച്ചെലവിന്റെ ഭാരത്തില്‍ വീട് പണി പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് വിഭിന്ന വൈഭവ വികസന വേദി മ്യൂസിക് ബാന്‍ഡ് ഇന്ത്യയും കലാകാരന്മാരും കൈകോര്‍ക്കുന്നത്. ‘സര്‍ഗ്ഗധ്വനി’യില്‍ നിന്ന് ലഭിക്കുന്ന വരുമാനം ലൈല-ഷാജി ദമ്പതികളുടെ വീട് പണി പൂര്‍ത്തീകരിക്കുന്നതിനും മകന്റെ ചികിത്സയ്ക്കുള്ള ധനസഹായത്തിനുമായി വിനിയോഗിക്കും. ദേശീയ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മി, സംഗീത സംവിധായകന്‍ ദീപക് ദേവ്, ‘തുളസി കതിര്‍ നുള്ളിയെടുത്ത്’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഹന ഫാത്തിമ തുടങ്ങിയവര്‍ സംഗീതവിരുന്നില്‍ പങ്കെടുക്കും. വിവിധ ചാനലുകളിലൂടെ ശ്രദ്ധേയരായ ഷാഫി റഹ്‌മാനും ബവീഷും നയിക്കുന്ന കോമഡി ഷോയും തൃശ്ശൂര്‍ നടന ഡാന്‍സ് സ്റ്റുഡിയോയുടെ നൃത്തപരിപാടികളും മെഗാഷോയുടെ ഭാഗമാകും. ഒരു പാസ് വാങ്ങുമ്പോള്‍ ഒരു കലാപരിപാടി കാണുന്നതിന് പുറമെ, ഒരു വീടിന്റെ പൂര്‍ത്തീകരണത്തിനും ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കും പങ്കാളിയാകാം എന്നതാണ് സംഘാടകരുടെ സന്ദേശം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 95 67 66 84 85 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.വി ഫോര്‍ മ്യൂസിക് ബാന്‍ഡ് ഇന്ത്യ രക്ഷാധികാരി കൃഷ്ണദാസ് തമ്പാന്‍, പ്രസിഡന്റ് ലൈല ഷാജു, പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ് സുബിത മഞ്ജു, സെക്രട്ടറി രാധ സതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



