ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയിലെ പൂര്‍വ്വികരുടെ കല്ലറകളും പേരെഴുതിയ കുരിശുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ ഞായറാഴ്ച വന്‍ പ്രതിഷേധ റാലി നടത്തി.കുര്‍ബാനയ്ക്ക് ശേഷം നടന്ന റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം വിളിച്ചും അണിനിരന്നു. കല്ലറ പൊളിച്ചതായി ആരോപിക്കുന്ന അരിമ്പൂര്‍ കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോകള്‍ കൈയിലേന്തിയാണ് വിശ്വാസികള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. മണ്ണ് കല്ലറകള്‍ മാറ്റുകയും പേരെഴുതിയ കുരിശുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നത് പൂര്‍വ്വികരുടെ ഓര്‍മകളെയും വിശ്വാസികളുടെ വികാരങ്ങളെയും അപമാനിക്കുന്നതാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വിശ്വാസികള്‍ പറഞ്ഞു.കുടുംബക്കല്ലറകളിലെ അനുമതിയില്ലാത്ത സംസ്കാരം തടയുക, പൂര്‍വ്വികരുടെ മണ്ണ് കല്ലറകളും കുരിശുകളും സംരക്ഷിക്കുക, വിശ്വാസികള്‍ക്ക് കല്ലറകളിലെത്തി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക, നിയമപാലകര്‍ നീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിശ്വാസികള്‍ റാലിയില്‍ ഉയര്‍ത്തിയത്.റാലി മാതൃ ദേവാലയത്തിന് മുന്നിലെത്തിയ ശേഷം മരണപ്പെട്ട പൂര്‍വ്വികര്‍ക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തൃശൂര്‍ ഭദ്രസനാധിപന് കുര്യാക്കോസ് മോര് ക്ലീമീസ് മെത്രാപ്പോലീത്ത , വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍, ട്രസ്റ്റി സി.യു. ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, ഭദ്രാസന കൗണ്‍സില്‍ അംഗം സി.യു. രാജന് എന്നിവര്‍ സംസാരിച്ചു. ചാലിശ്ശേരി പോലീസ് നേതൃത്വത്തില്‍ വന്‍ സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഇത് സംബന്ധിച്ച് മൂന്ന് ദിവസം മുമ്പ് ഇടവക മുഖ്യമന്ത്രി ,ആഭ്യന്തര മന്ത്രി ,കലക്ടര്‍ , പോലീസ് എന്നിവര്‍ക്ക് യാക്കോബായ വിഭാഗം പരാതി നല്‍കിയിട്ടുണ്ട്.



