ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ക്കായി കേരസംവാദം സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തെങ്ങുകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൃഷി ഓഫീസര്‍ എസ്. ജയന്‍ വിശദീകരിച്ചു. നാളികേരത്തിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി ഈ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തരിശായി കിടന്ന രണ്ട് ഏക്കര്‍ സ്ഥലം വൃത്തിയാക്കി തെങ്ങുകൃഷി ചെയ്ത് മാതൃകയായ വനിതാ കര്‍ഷക സുബൈദയെയും, നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന അനില കെ, വര്‍ണ സന്തോഷ് എന്നിവരെയും പുഷ്പ ജോണ്‍ ആദരിച്ചു. കൗണ്‍സിലര്‍ വിദ്യ അഭിലാഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജ ശശിധരന്‍, കൃഷി അസിസ്റ്റന്റ് സ്‌നേഹ വി. ജോസ്, നാളികേര കര്‍ഷകര്‍, നാളികേരാധിഷ്ഠിത വനിതാ സംരംഭകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



