തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയും കെ-9 ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.ഇന്ന് പുലര്‍ച്ചെ ശാന്തിക്കാരന്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കവര്‍ച്ചയുടെ സൂചനകള്‍ കണ്ടെത്താന്‍ ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും കെ-9 ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിനകത്തും സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. മോഷണം നടന്ന രീതിയേക്കുറിച്ചും പ്രതികളുടെ വഴിയെക്കുറിച്ചും നിര്‍ണായക സൂചനകള്‍ കണ്ടെത്താനാണ് ഫോറന്‍സിക്-ഡോഗ് സ്‌ക്വാഡ് ടീമുകള്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ക്ഷേത്രത്തിനകത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും, അതിന്റെ കാഴ്ച തടസ്സപ്പെടുത്താന്‍ പട്ടുതുണി കൊണ്ട് മൂടിയ ശേഷമാണ് മോഷ്ടാക്കള്‍ കൃത്യം നിര്‍വ്വഹിച്ചത്. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് കുന്നംകുളം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. ക്ഷേത്രത്തിന് സമീപത്തെയും പ്രദേശത്തെ മറ്റ് റോഡുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തൊട്ടടുത്തുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും സമാന രീതിയില്‍ മോഷണം നടന്നത്. അന്ന് നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് നാല് ഗ്രാം സ്വര്‍ണ്ണത്താലിയും 70,000 രൂപയും അപഹരിച്ചിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന മോഷണങ്ങള്‍ നാട്ടുകാരില്‍ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.



