നീണ്ട ഇടവേളയ്ക്കുശേഷം കുന്നംകുളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് വീണ്ടും പുത്തനുണര്‍വ് പകര്‍ന്ന് രാമരാജ മെമ്മോറിയല്‍ ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുനരാരംഭിച്ച ടൂര്‍ണമെന്റ് ഞായറാഴ്ച മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമി മൈതാനത്താണ് ആരംഭിച്ചത്.കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് മികവ് തെളിയിക്കാന്‍ അവസരമൊരുക്കുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാല് പൂളുകളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളില്‍ ലീഗ് ഘട്ടം 30 ഓവര്‍ വീതമാണ്. സെമിഫൈനലും ഫൈനലും 45 ഓവര്‍ വീതമുള്ള മത്സരങ്ങളായിരിക്കും. കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റും നാടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സി.എ. രാമരാജയുടെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങളായി നിലച്ചിരുന്ന ഈ ക്രിക്കറ്റ് മാമാങ്കം പുതുമോടിയോടെ തിരിച്ചെത്തുന്നത് കുന്നംകുളത്തിന്റെ കായികചരിത്രത്തില്‍ ശ്രദ്ധേയമായ ചുവടുവയ്പായി മാറുകയാണ്.’ബെഞ്ച് മാര്‍ക്ക് ഓള്‍ കേരള അണ്ടര്‍ 19 റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫോര്‍ രാമരാജ മെമ്മോറിയല്‍ ട്രോഫി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. യുവതാരങ്ങളുടെ പ്രതിഭയും പോരാട്ടവീര്യവും മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലൂടെ കുന്നംകുളത്തിന്റെ പഴയ ക്രിക്കറ്റ് പ്രതാപത്തിന് വീണ്ടും ഉണര്‍വേകാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും കായികപ്രേമികളും.



