30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam വടക്കേക്കാട് തെരുവുനായ ശല്യം രൂക്ഷം; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി

വടക്കേക്കാട് തെരുവുനായ ശല്യം രൂക്ഷം; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി

0

വടക്കേക്കാട് മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം; സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ ബുദ്ധിമുട്ടുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നതായി പരാതി. ആറ്റുപുറം മുതല്‍ മണികണ്‌ഠേശ്വരന്‍ വരെയും റോഡിന്റെ ഇരുവശങ്ങളിലും, പാഴ് പുല്ല് വളര്‍ന്നു നില്‍ക്കുന്നിടങ്ങളിലുമാണ് തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. റോഡരുകില്‍ ഇവ കിടക്കുന്നതറിയാതെ കാല്‍നട യാത്രക്കാര്‍ ചവിട്ടുകയും ഇതോടെ ഇവ ആക്രമിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ട്. രാവിലെ പ്രഭാതനടത്തത്തിനും ക്ഷേത്രങ്ങളിലേക്കു പോകുന്നവരും മദ്രസയിലേക്കു പോകുന്ന കുട്ടികളും പത്രവിതരണക്കാരുമാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ വഴിയാത്രക്കാരെ ഓടിക്കുന്നതും ആക്രമിക്കാന്‍ മുതിരുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ കുട്ടികളെ തനിച്ചയക്കാന്‍ മാതാപിതാക്കള്‍ ഭയപ്പെടുകയാണ്. വൈലേരിപ്പടിയില്‍ തലനാരിഴക്കാണ് ഗൃഹനാഥ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടത്. ആറ്റുപുറം പള്ളിക്ക് മുന്‍പിലും, നമ്പാടന്‍ ഗ്യാസ് ഏജന്‍സി തുടങ്ങി വിവിധയിടങ്ങളില്‍ നായ്ക്കളുടെ കൂട്ടം തമ്പടിച്ചിട്ടുണ്ട്. തിരക്കേറിയ സംസ്ഥാനപാതയില്‍, നായ്ക്കള്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവാണ്. ജനജീവനു ഭീഷണിയായി പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്ന സാഹചര്യത്തിലും പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ADVERTISEMENT
error: Content is protected !!