വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാത്ത വടക്കേക്കാട് ശ്മശാനം അഴിമതിക്കുള്ള ഉപാധിയായി മാറിയെന്ന് ജനകീയ കൂട്ടായ്മ ശ്മശാന സംരക്ഷണ സമിതി ചെയര്മാന് മാധവന് നമ്പൂതിരി ആരോപിച്ചു. ശ്മശാനത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടക്കേക്കാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ നായരങ്ങാടിയില്‍ നിന്ന് പ്രകടനമായി എത്തിയ സമരക്കാര്‍ 9.30 ഓടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപരോധം ആരംഭിച്ചു. ജീവനക്കാരെയും പൊതുജനങ്ങളെയും ഓഫീസിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് വടക്കേക്കാട് പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്ത് ജീവനക്കാരെ മാത്രം പഞ്ചായത്ത് വളപ്പിലേക്ക് കടത്തിവിടാന്‍ അനുവദിച്ചു. ഉപരോധ സമരം 11 മണി വരെ തുടര്‍ന്നു.ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ശ്മശാന നിര്‍മാണ ചുമതലയുള്ള കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ശ്മശാനത്തിന്റെ നിര്‍മാണം പുനരാരംഭിച്ചിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു. എന്നാല്‍ നിര്‍മാണം വേഗത്തിലാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.കരാറുകാര്‍ ത്രീഫേസ് വൈദ്യുതി കണക്ഷന് ആവശ്യപ്പെട്ട് പലതവണ സമീപിച്ചിട്ടും കെ.എസ്.ഇ.ബിയില്‍ അപേക്ഷ നല്കാന് പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. ശ്മശാന കെട്ടിടത്തിന്റെയും അനുബന്ധ യന്ത്രസാമഗ്രികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഭാഗികമായി നടന്നിട്ടുള്ളത്. പരിസരം വൃത്തിയാക്കുക, ശ്മശാനത്തിലേക്കുള്ള വഴി മണ്ണിട്ട് ഉയര്‍ത്തുക തുടങ്ങിയ നിരവധി പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കിയാലേ ശ്മശാനം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകൂവെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.ശ്മശാനത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ ശ്മശാന സംരക്ഷണ സമിതി രൂപീകരിച്ച് ആദ്യഘട്ടമായി സൂചനാ ഉപരോധ സമരം നടത്തിയത്.
സമിതി കണ്‍വീനര്‍ മാധവന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ എം. ഷംസു, രുഗ്മ്യ സുധീര്‍ എന്നിവര്‍ സംസാരിച്ചു. വി.എം. മനോജ് സ്വാഗതവും അപ്പു കണക്കഞ്ചേരി നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരായ അശോകന് എടക്കാട്ട്, ബീന സുരേന്ദ്രന്, ഷനില്‍ അപ്പു, നിഷിത ബാബു എന്നിവരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു.



