ഓണാഘോഷങ്ങളുടെ ഭാഗമായി സിസിടിവി ഒരുക്കുന്ന തിരുവോണ സമ്മാനോത്സവ് 2026-ന്റെ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും സ്‌നേഹവും പങ്കുവെച്ച് ഒരുക്കുന്ന സമ്മാനപദ്ധതിയുടെ പ്രത്യേകത, പ്രത്യേക കൂപ്പണുകളുടെ ആവശ്യമില്ലാതെ ആഗസ്റ്റ് 31 വരെ ബ്രോഡ്ബാന്‍ഡ് വരിക്കാരായിരുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി മുഖ്യാതിഥിയാകും.
സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനമായി ഫ്രിഡ്ജും രണ്ടാം സമ്മാനമായി വാഷിംഗ് മെഷീനും മൂന്നാം സമ്മാനമായി എല്‍.ഇ.ഡി. ടിവിയും നല്‍കും. കൂടാതെ നാലാം സമ്മാനമായി അഞ്ച് പേര്‍ക്ക് മിക്സിയും അഞ്ചാം സമ്മാനമായി അഞ്ച് പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറും ആറാം സമ്മാനമായി പത്ത് പേര്‍ക്ക് ബി.എല്‍.ഡി.സി. ഫാനും ലഭിക്കും. ഇതിനു പുറമെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
കേരള വിഷന്‍, റെയില്‍വെയര്‍, ബി.എസ്.എന്‍.എല്‍., കെ-ഫോണ്‍ എന്നിവ വഴി സിസിടിവിയുടെ കീഴില്‍ കണക്ഷന്‍ നേടിയ മുഴുവന്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെയും സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാണ് സുതാര്യമായ നറുക്കെടുപ്പ് ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളോടുള്ള നന്ദിയും ബന്ധവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങ് സിസിടിവി തത്സമയം സംപ്രേഷണം ചെയ്യും. ഓണസമ്മാനങ്ങളുടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ചത്തെ നറുക്കെടുപ്പ് ആവേശകരമായ നിമിഷമാകും.



