കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു. പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായി പുതുക്കിയ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മ്മാണം ആരംഭിച്ച തുറക്കുളം മാര്‍ക്കറ്റ് ചില കോടതി വ്യവഹാരങ്ങളെത്തുടര്‍ന്ന് പാതിവഴിയില്‍ നിലച്ചുപോവുകയായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭയ്ക്ക് നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. പൂര്‍ണ്ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഫ്‌ലോറിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, പ്ലംബിങ് വര്‍ക്കുകള്‍, സെന്‍ട്രലൈസ്ഡ് എ.സി, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ഡ്രൈനേജ്, സെന്‍ട്രലൈസ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്.ടി.പി), സോളാര്‍ സംവിധാനം എന്നിവയാണ് പുതിയ ഡി.പി.ആറില്‍ ഉള്‍ക്കൊള്ളിക്കുന്നത്.പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, പ്രസ്തുത തുക കൃത്യമായി തിരിച്ചടയ്ക്കാനുള്ള നഗരസഭയുടെ ശേഷി കണക്കാക്കുന്നതുമായ കുറ്റമറ്റ രീതിയിലുള്ള ഡി.പി.ആര്‍ ആണ് തയ്യാറാക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജുമായി ഔദ്യോഗികമായി ധാരണാപത്രത്തില്‍ (എഗ്രിമെന്റ്) ഒപ്പുവെക്കുമെന്നും, ഡി.പി.ആര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗം പ്രൊഫസര്‍ സി.എ. ബിജു, അസിസ്റ്റന്റ് പ്രൊഫസര്‍ സനു കെ. തെക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി. ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ ജോണ്‍, മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, ആര്‍ഷ ജിജു, വിവിധ കൗണ്‍സിലര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി കെ.കെ. മനോജ്, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ബിനയ് ബോസ് എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Home Bureaus Kunnamkulam കുന്നംകുളത്തിന്റെ സ്വപ്നപദ്ധതി; തുറക്കുളം മാർക്കറ്റ് നിര്‍മ്മാണം പുനരാരംഭിക്കുന്നു



