നാലുവര്‍ഷം വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്കായി നല്‍കി അക്കിക്കാവ് സ്വദേശി റോബിന്‍ റോയിയുടെ മാതൃക. ആലുവ രാജഗിരി കോളേജിലെ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ റോബിന്‍ അക്കിക്കാവ് സ്‌കൂളിന് സമീപം വടക്കേതലക്കല്‍ റോയ് – പ്രിന്‍സി ദമ്പതികളുടെ മൂത്ത മകനാണ്. നാലുവര്‍ഷമായി പരിപാലിച്ച് വളര്‍ത്തിയ 30 സെന്റിമീറ്റര്‍ നീളമുള്ള അഞ്ച് കെട്ട് മുടിയാണ് കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആലുവ, വെസ്റ്റ് കടുങ്ങല്ലൂര്‍ സെന്റ് കമില്ലസ് കെയര്‍ ഹോം സ്‌നേഹതീരത്തിന്, കഴിഞ്ഞ ദിവസം പിതാവ് റോയിയുമായി എത്തി ദാനം ചെയ്തത്. കേരള വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂണിറ്റ് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സ്‌നേഹതീരത്തിലെ നന്മ ഔട്ട്‌റീച്ച് പ്രോഗ്രാം ഫീല്‍ഡ് ഓഫീസര്‍ സീനത്ത്, റോബിനെ പരിചയപ്പെടുന്നത്. സീനത്ത് കേശദാനത്തെക്കുറിച്ച് പറഞ്ഞതോടെ റോബിന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. മുടി വളര്‍ത്തുന്നതിന് രാജഗിരി കോളേജില്‍നിന്ന് പിതാവ് പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. സ്‌നേഹതീരം ഭാരവാഹികള്‍ റോബിനെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.



