വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി ഫോണില്‍ സൂക്ഷിച്ചെന്ന കേസില്‍ നടപടി നേരിട്ട വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക അവഗണിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് സ്‌കൂളില്‍ തിരിച്ചെത്താന്‍ അധ്യാപകന്‍ നീക്കം നടത്തുന്നതെന്നാണ് ആരോപണം. അധ്യാപകര്‍ നല്‍കിയ പരാതി അവഗണിച്ചും ഈ അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് നടത്തിയ ശ്രമം പുറത്തറിഞ്ഞതോടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി സ്‌കൂളിനു മുമ്പിലേക്ക് എത്തുകയായിരുന്നു. മങ്ങാട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം സ്‌കൂളിനു മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി പ്രണവ് പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ ബാബു അധ്യക്ഷയായി. ഏരിയ പ്രസിഡന്റ അക്ഷയ് അനില്‍, ഏരിയ വൈസ് പ്രസിഡന്റ് എം അഖിനേഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി നേതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യാപകന് അനുകൂലമായി യാതൊരു നടപടികളും സ്‌കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.



