31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ചെറുവള്ളിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി എ.സി. മൊയ്തീന്‍ എം.എല്‍.എ

ചെറുവള്ളിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി എ.സി. മൊയ്തീന്‍ എം.എല്‍.എ

62

പെങ്ങാമുക്കിനെയും വടുതലയെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിലെ ചെറുവള്ളിക്കടവ് പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി എ.സി. മൊയ്തീന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.പാലം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള 6 പൈലുകളുടെ നിര്‍മ്മാണം ഇതിനകം വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന്റെ വടക്കുഭാഗത്തുള്ള അടുത്ത 6 പൈലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും തുടക്കമായി. കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, കൗണ്‍സിലര്‍ എന്‍.എ. ഷനോഫ്, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സദാനന്ദന്‍ മാഷ്, അഖില്‍, പ്രമുഖ നേതാക്കളായ ടി.സി. ചെറിയാന്‍, എന്‍.കെ. ഹരിദാസന്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സംഗീത, കരാര്‍ കമ്പനി പ്രതിനിധി അഷറഫ് തുടങ്ങിയവരും എം.എല്‍.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.2024-25 സംസ്ഥാന ബജറ്റില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ നിരന്തര ഇടപെടലിലൂടെ 12 കോടി രൂപ വകയിരുത്തുകയും, തുടര്‍ന്ന് 9.33 കോടി രൂപയുടെ ഭരണാനുമതിയോടെ കാസര്‍ഗോഡ് ആസ്ഥാനമായുള്ള ‘സി.എച്ച്. കണ്‍സ്ട്രക്ഷന്‍സ്’ നിര്‍മ്മാണം ഏറ്റെടുക്കുകയുമായിരുന്നു. 60 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമാണ് അത്യാധുനിക രീതിയില്‍ പ്രിസ്‌ട്രെസ്സ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡര്‍ സ്ലാബ് ഡിസൈനില്‍ പാലം നിര്‍മ്മിക്കുന്നത്. ഇതില്‍ 7.5 മീറ്റര്‍ വീതിയില്‍ കാരിയേജ് വേയും ഇരുവശങ്ങളിലും നടപ്പാതകളും ഉള്‍പ്പെടുന്നുണ്ട്. പാലം നിര്‍മ്മാണം പുരോഗമിക്കുന്ന ഘട്ടത്തിലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിലവിലെ താല്‍ക്കാലിക പാലത്തിലൂടെ അത്യാവശ്യ ചെറുവാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും വേഗം പുതിയ പാലം നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!