മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ കുന്നംകുളത്ത് ഇ.പി. ഖമറുദ്ദീന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെപ്റ്റംബര്‍ 26ന് രാവിലെ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ലിവ ടവറില്‍ നടക്കുന്ന തലമുറ സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. വിവിധ തലമുറകളില്‍പ്പെട്ട മുന്‍ കാല മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ സംഗമവും ആശയവിനിമയവും പരിപാടിയുടെ ഭാഗമായി നടക്കും. സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് 2 മണിക്ക് കുന്നംകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.എ. അബ്ദുല്‍ ഗഫൂര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, കെ പി സി സി ജനറല്‍ സെക്രട്ടറി പി ടി അജയ് മോഹന്‍, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാഫഖി തങ്ങള്‍, മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ ആര്‍ വി അബ്ദുല്‍ റഹീം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത് തുടങ്ങിയ മുസ്ലിം ലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.28 ന് വൈകീട്ട് 4 മണിക്ക് ജില്ല ജനറല്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമകാലിക സാമൂഹികരാഷ്ട്രീയ വിഷയങ്ങള്‍, യുവജനങ്ങളുടെ സാമൂഹിക ഇടപെടല്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും ജില്ലയില്‍ നടന്നു വരികയാണ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം. സനൗഫല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, അസീസ് മന്നലാംകുന്ന്, മുസ്ലിം ലീഗ് കുന്നംകുളം നിയോജക മണ്ഡലം ഭാരവാഹികളായ ഫസലുദ്ദീന്‍ ഖമറുദ്ദീന്‍, ഗഫൂര്‍ പള്ളിക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



