കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലനെ ഉപരോധിച്ചു. നഗരസഭാ പരിധിയില്‍ വര്‍ഷങ്ങളായി തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുകയാണെന്നും ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ആളുകള്‍ ചികിത്സയിലാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ട നഗരസഭ ഭരണസമിതിയും അധികൃതരും മൗനം പാലിക്കുകയാണെന്നും ആരോപിച്ചായിരുന്നു ചെയര്‍പേഴ്‌സണെ അവരുടെ ചേംബറില്‍ ഉപരോധിച്ചത്. സമരത്തിനിടെ നടന്ന വാക്കേറ്റത്തിനൊടുവില്‍ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ സംവിധാനത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി രണ്ട് ദിവസത്തിനകം വിളിച്ചുചേര്‍ക്കാമെന്നും എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍ എന്നിവര്‍ ഉറപ്പുനല്‍കി. ഇതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
Home Bureaus Kunnamkulam കുന്നംകുളത്തെ തെരുവുനായ ശല്യം: നഗരസഭാധ്യക്ഷയെ ഉപരോധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍



