വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മണത്തല കെ.എസ്.ഇ.ബി. ഓഫീസിലെത്തിയ സംഘം ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.എച്ച്. സലാമിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.മണത്തല കെ.എസ്.ഇ.ബി. സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്കിയ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി 11.40ഓടെയാണ് കെ.എച്ച്. സലാമിന്റെ നേതൃത്വത്തില്‍ പത്തിലേറെ പേരടങ്ങുന്ന സംഘം കെ.എസ്.ഇ.ബി. ഓഫീസിലെത്തിയത്. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഓഫീസിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് സംഘം നേരിട്ടെത്തിയത്.ഓഫീസിലെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന കരാര്‍ ജീവനക്കാരനായ പുന്ന പോക്കാക്കില്ലത്ത് ഉമൈറുമായി ഇതേച്ചൊല്ലി സംഘം തര്‍ക്കത്തിലായി. തര്‍ക്കത്തിനൊടുവില്‍ കെ.എച്ച്. സലാം ഉമൈറിനെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി.വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതിക്കാലുകള് ഒടിയുകയും ലൈനിലേക്ക് മരങ്ങള്‍ വീഴുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് ഏറെ നേരം വൈദ്യുതി മുടങ്ങിയതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. ഒരേസമയം നിരവധി പേര് ഓഫീസിലേക്ക് വിളിച്ചതിനാലാണ് ഫോണ്‍ ലഭിക്കാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത കെ.എച്ച്. സലാമിനെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
****



