ചാവക്കാട് മുതുവട്ടൂര്‍ ജംഗ്ഷന് സമീപം കാറിടിച്ച് കാല്‍നടയാത്രക്കാരനായ 54-കാരന്‍ മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി വെത്തിലശ്ശേരി ചന്ദ്രനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.10-ഓടെയായിരുന്നു ദാരുണമായ സംഭവം.മുതുവട്ടൂരിലെ ഇസ്തിരി കടയിലെ ജീവനക്കാരനായ ചന്ദ്രന്‍ രാത്രി ഭക്ഷണം കഴിക്കാനായി റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നടന്നുപോകുന്നതിനിടെ ആദ്യം ഒരു കാർ ചന്ദ്രനെ തട്ടിവീഴ്ത്തുകയും തുടർന്ന് പുറകെ വന്ന മറ്റൊരു കാര്‍ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടമുണ്ടാക്കിയ രണ്ട് വാഹനങ്ങളും നിര്‍ത്താതെ ഓടിച്ചുപോയി.ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനങ്ങളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



