31.5 C
Kunnamkulam
Saturday, October 10, 2026
Home Bureaus Erumapetty എരുമപ്പെട്ടി മുട്ടിക്കല്‍ – ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കാന്‍ തീരുമാനം

എരുമപ്പെട്ടി മുട്ടിക്കല്‍ – ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കാന്‍ തീരുമാനം

11

കാര്‍ഷിക-കുടിവെള്ള മേഖലയ്ക്ക് വലിയ ഉണര്‍വേകുന്ന എരുമപ്പെട്ടി പഞ്ചായത്തിലെമുട്ടിക്കല്‍ – ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മുട്ടിക്കലില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മുട്ടിക്കല്‍ – ആറ്റത്ര ഗ്രാമങ്ങളെ തമ്മിലും കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന പാലമാണ് മുട്ടിക്കല്‍ പാലം.വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താല്‍ കൈവരികള്‍ തകര്‍ന്നും തൂണുകള്‍ക്കും സ്ലാബുകള്‍ക്കും വിള്ളലുകള്‍ സംഭവിച്ചു അപകടാവസ്ഥയിലാണ്. പാലം വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് മുന്നോടിയായി മെയ് മാസത്തില്‍ അവസാനിക്കുന്ന വേനല്‍ക്കാല സീസണില്‍ തന്നെ ഏറെക്കുറെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രദേശത്ത് മുണ്ടകന്‍ കൃഷിയുടെ ഞാറ് നട്ടിരിക്കുന്ന സമയമായതിനാല്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ പൂര്‍ണ്ണമായും പരിഗണിച്ചുകൊണ്ടും അവരുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടും കൃഷിക്ക് യാതൊരുവിധ അധികഭാരവും ഉണ്ടാകാത്ത രീതിയിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.കിഫ്ബിയുടെ ധനസഹായത്തോടെ 5.30 കോടി രൂപ സാങ്കേതികാനുമതിയോടെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. വടക്കാഞ്ചേരി-കേച്ചേരി പുഴ കുറുകെ നിര്‍മ്മിക്കുന്ന ഈ പദ്ധതി കരാറുകാരന്‍ പി.പി. ജയപ്രകാശാണ് നിര്‍വഹിക്കുന്നത്.22 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 2 സ്പാനുകളും 8 എഫ്.ആര്‍.പി ഷട്ടറുകളും ഇരുവശങ്ങളിലുമായി 37.5 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും ഉണ്ടായിരിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 76 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജലസേചന സൗകര്യം ലഭ്യമാവുകയും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. ആറ്റത്ര, കരിയന്നൂര്‍, നെല്ലുവായ്, കോട്ടപ്പുറം പ്രദേശങ്ങളിലും തുറയം, ആറ്റത്ര, മങ്ങാട് പാടശേഖരങ്ങളിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജലലഭ്യത ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയും. കൂടാതെ ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയെ മങ്ങാട് – ആറ്റത്ര – കുമ്പളങ്ങാട് റോഡുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.യോഗത്തില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജി കുണ്ടന്നൂര്‍, ഡി.ജി.എം ജമാല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!