കുന്നംകുളത്ത് ബോലേറോ ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ ബോലേറോ ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം അടുപ്പൂട്ടി ഉരുളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. ഇലവന്തറ വീട്ടിൽ രമേശിന്റെ മകൻ രാഹുൽ (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഉരുളുന്ന് സ്വദേശി ബെർലിന് പരിക്കേറ്റു.
കുന്നംകുളം–വടക്കാഞ്ചേരി റോഡിൽ അയ്യപ്പത്ത് റോഡിന് സമീപമായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പ്, അയ്യപ്പത്ത് റോഡിൽനിന്ന് അടുപ്പുട്ടി റോഡിലേക്ക് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ജീപ്പ് സമീപത്തെ ഓട്ടോ സ്റ്റാൻഡിന്റെ ബോർഡ് ഇടിച്ചുതെറിപ്പിച്ചശേഷം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. അപകടത്തിൽ ബൈക്ക് ജീപ്പിനടിയിൽ കുടുങ്ങി. ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



