ഗുരുവായൂരില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.സ്‌കൂട്ടര്‍ യാത്രികനായ തമിഴ്നാട് സ്വദേശി സൂര്യ കൃഷ്ണ, ബസ് യാത്രക്കാരും കോഴിക്കോട് സ്വദേശികളുമായ തെക്കൂട്ട് ഗീത, മാറോക്കി മീന, കുന്നംകുളം ചിറ്റഞ്ഞൂര്‍ ചോഴിയാട്ടില്‍ രഞ്ജിഷിന്റെ ഭാര്യ വിജിത, എടപ്പാള്‍ അമേറ്റിക്കര പൂയംകുന്നത്ത് ചിത്ര എന്നിവര്‍ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കുമാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 1.40ന് എല്‍.എഫ്. കോളജിന് മുന്നിലായിരുന്നു അപകടം. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഡിഫന്‍ഡര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ ദിശമാറി നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. സ്‌കൂട്ടറുമായി കൂട്ടിയിടിച്ചശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മതാലും ബസ്സിന്റെ മുന്‍വശവും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യ കൃഷ്ണയെ അമല ആശുപത്രിയിലും മറ്റുള്ളവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കുന്നംകുളംചാവക്കാട് റൂട്ടില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.



