അണ്ടത്തോട് കുമാരന്‍പടിയില്‍ തേങ്ങക്കട കുത്തിത്തുറന്ന് കൊപ്രയും തേങ്ങയും മോഷ്ടിച്ചു. കുമാരന്‍പടി പ്രിയദര്‍ശിനി റോഡിലെ ചുള്ളിയില്‍ ജയരാജിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ശാരീരിക വൈകല്യമുള്ള ജയരാജന്റെയും കുടുംബത്തിന്റെയും ഏക ഉപജീവനമാര്‍ഗമാണ് ഈ കട.പുലര്‍ച്ചെ രണ്ടരയോടെ കടയുടെ ഷട്ടറിന്റെ പൂട്ട് എക്‌സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ചാക്കില്‍ സൂക്ഷിച്ചിരുന്ന കൊപ്രയും കടയ്ക്കുള്ളില്‍ കൂട്ടിയിട്ടിരുന്ന പൊളിച്ച തേങ്ങയുമാണ് കവര്‍ന്നത്. പ്രിയദര്‍ശിനി റോഡിലൂടെ കടന്നുപോയ യാത്രക്കാര്‍ കടയ്ക്കു മുന്നില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടയുടമയെ ഫോണില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജയരാജനും കുടുംബവും സ്ഥലത്തെത്തിയപ്പോഴാണ് മോഷണ വിവരം വ്യക്തമായത്.വിവരമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് എക്‌സോ ബ്ലേഡുകള്‍, കമ്പി, സിമന്റ് കോരാന്‍ ഉപയോഗിക്കുന്ന കോരി എന്നിവ സ്ഥലത്തുനിന്ന് കണ്ടെത്തി.ജയരാജിന്റെ പരാതിയില്‍ വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊളിച്ച നാളികേരവും കൊപ്രയും തൂക്കം എടുത്ത് വില്‍പ്പന നടത്തിയാണ് കുടുംബം ഉപജീവനം കണ്ടെത്തുന്നത്. സീസണില്‍ അടയ്ക്ക, കശുവണ്ടി തുടങ്ങിയവയും തൂക്കം എടുത്ത് വില്‍പ്പന നടത്താറുണ്ട്.ഇതേ കടയില്‍ മുമ്പും മോഷണം നടന്നിരുന്നു. ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കോടെ പകല്‍ സമയത്ത് കടയില്‍ ആളില്ലാത്ത സമയത്ത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് സാധനങ്ങള്‍ വീണ്ടെടുത്തിരുന്നു.തങ്ങളുടെ ഏക ഉപജീവനമാര്‍ഗമായ കടയില്‍ വീണ്ടും മോഷണം നടന്ന സാഹചര്യത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ജയരാജിന്റെയും കുടുംബത്തിന്റെയും ആവശ്യം.
Home Bureaus Punnayurkulam അണ്ടത്തോട് കുമാരന്‍പടിയില്‍ തേങ്ങക്കട കുത്തിത്തുറന്ന് മോഷണം; കൊപ്രയും തേങ്ങയും മോഷ്ടിച്ചു



