പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ എഇഒ നാക്കോല റോഡില്‍ റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസം യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. റോഡും വശങ്ങളും തമ്മില്‍ ഒരടിയിലേറെ ഉയരവ്യത്യാസം രൂപപ്പെട്ടതോടെ അപകടങ്ങളും വര്‍ധിച്ചതായാണ് നാട്ടുകാരുടെ പരാതി.റോഡരികിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികരും സൈക്കിള്‍ യാത്രികരുമാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. രാത്രികാലങ്ങളില്‍ അപകടഭീഷണി കൂടുതല്‍ രൂക്ഷമാണ്. വീടുകളില്‍ നിന്ന് വാഹനങ്ങള്‍ റോഡിലേക്ക് പ്രവേശിപ്പിക്കുന്നതിനും ഉയരവ്യത്യാസം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.റോഡിന്റെ വീതിക്കുറവ് പ്രധാന പ്രശ്നമാണെങ്കിലും, വീതി വര്‍ധിപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ നിലവിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് റര്‍ബന്‍ മിഷന് ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിച്ചപ്പോഴും ഇതിനായി നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസം എത്രയും വേഗം പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വിഭാഗവും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



