32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Punnayurkulam അണ്ടത്തോട് പെരിയമ്പലം ബീച്ചിലെ അനധികൃത നിര്‍മ്മാണങ്ങില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ

അണ്ടത്തോട് പെരിയമ്പലം ബീച്ചിലെ അനധികൃത നിര്‍മ്മാണങ്ങില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ

19

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 310 ബീച്ചില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങളിലും കടല്‍ത്തീരം കയ്യേറുന്നതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സര്‍ക്കാരിന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടെയോ പഞ്ചായത്ത് അധികൃതരുടെയോ യാതൊരുവിധ അനുമതിയില്ലാതെയാണ് 310 ബീച്ചില്‍ സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിസോര്‍ട്ട് കെട്ടിടത്തിനു കടലേറ്റത്തില്‍ നിന്നു സംരക്ഷണം നല്‍കുന്നതിനു സ്വകാര്യ വ്യക്തി കടല്‍ത്തീരത്ത് സ്വന്തം നിലയില്‍ കടല്‍ഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ നിയമവിരുദ്ധമായ നടപടി അതീവ ഗൗരവത്തോടെ കാണണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.മാസങ്ങള്‍ക്ക് മുന്‍പ് കടല്‍ത്തീരത്ത് നിര്‍മ്മിച്ച അനധികൃത കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം പഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് നല്‍കിയ നോട്ടീസ് വകവെയ്ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുകയും ഭരണാധികാരികളെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത്. മദ്യ മാഫിയ-കോര്‍പ്പറേറ്റ് സംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.പ്രതിഷേധ പരിപാടിയില്‍ എസ്.ഡി.പി.ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ പെരിയമ്പലം, അയ്യൂബ് പെരിയമ്പലം, ഷമീര്‍, മുസ്തഫ, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!