പുന്നയൂര്‍ക്കുളം അണ്ടത്തോട് പ്രവാസി വ്യവസായിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ചാ ശ്രമം. പെരുവഴിപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാന്റെ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ അയല്‍വാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടന്‍തന്നെ വിവരം വിദേശത്തുള്ള വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോള്‍ സിസിടിവി തകരാറിലാണെന്ന് കണ്ടെത്തി. ഇതോടെ അയല്‍വാസികള്‍ വടക്കേക്കാട് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വടക്കേക്കാട് എസ്.ഐ ശരത് സോമന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളത്. വീട്ടിലെ മുറികളിലെ അലമാരയില്‍ നിന്നും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്നാണ് വിവരം. വീട്ടിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. ഡി.വി.ആര് സെറ്റ് മോഷ്ടാക്കള്‍ കൊണ്ടുപോയിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് വീട്ടുകാര്‍ കുവൈറ്റിലേക്ക് പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.



