പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരികോത്സവം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് രുഗ്മിണി റീജന്‍സിയില്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പൈതൃകം രക്ഷാധികാരി പ്രൊഫ: വൈശ്രവണത്ത് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ സാംസ്‌കാരികോത്സവത്തിന് തുടക്കമാവും. ഗീതാഗോവിന്ദം ട്രസ്റ്റിന്റെ അഷ്ടപതി ആലാപനവും ഉണ്ടാകും. മുരുക ഭക്തരുടെ സംഘടനയായ ലയണ്‍ മയൂര റോയല്‍ കിംഗ്ഡം സ്ഥാപകന്‍ രജിത് കുമാര്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യും. എല്‍. ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 100001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്ന കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പത്മശ്രീ കെ.കെ. മുഹമ്മദിന് സമ്മാനിക്കും. വൈകിട്ട് വടക്കേനടയില്‍ കൊല്ലം ചവറ മഹാലക്ഷ്മി വിളക്ക് സമിതിയുടെ സഹകരണത്തോടെ ദീപക്കാഴ്ചയും ഒരുക്കും. അഡ്വ: രവി ചങ്കത്ത്, ഡോ:കെ.ബി. പ്രഭാകരന്‍, മണലൂര്‍ ഗോപിനാഥ്, എ.കെ.ദിവാകരന്‍, കെ.കെ.വേലായുധന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



