ചാവക്കാട് ഉപജില്ലാ കലോത്സവത്തിലും വിവിധ മേളകളിലും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ചരിത്രവിജയത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിജയാഹ്ലാദ റാലിയും അനുമോദന സദസും സംഘടിപ്പിച്ചു.ഉപജില്ലാ കലോത്സവത്തില്‍ യു.പി. വിഭാഗം കലാകിരീടം സ്വന്തമാക്കിയതിനൊപ്പം ടോട്ടല്‍ അഗ്രിഗേറ്റിലും സ്കൂള്‍ ഒന്നാം സ്ഥാനം നേടി. അറബിക്, സംസ്കൃത കലോത്സവങ്ങളിലും ഒന്നാം സ്ഥാനം നേടി. ഉറുദു കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയില് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയില്‍ രണ്ടാം സ്ഥാനവും സയന്‍സ്, ഗണിത മേളകളില്‍ മൂന്നാം സ്ഥാനവും നേടിയാണ് സ്കൂള്‍ ടോട്ടല്‍ അഗ്രിഗേറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. വിജയത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ആഹ്ലാദ റാലി നടത്തി. സ്കൂളിന്റെ മികച്ച നേട്ടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക അനുമോദനം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു, വൈസ് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുട്ടികള്‍ക്ക് മികച്ച പരിശീലനവും നേതൃത്വവും നല്കിയ അധ്യാപകരായ നാരായണന് , പ്രിയ , സല്‍മ , മുനീറ , പദ്മിനി , വിനോജ് , ലിജി എന്നിവരെയും പ്രതിഭകളായ വിദ്യാര്‍ത്ഥികളെയും പി.ടി.എ. ഭാരവാഹികളും സ്കൂള്‍ അധികൃതരും അനുമോദിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി സ്നേഹവിരുന്നും ഒരുക്കി.’തകര്‍ക്കാനാവാത്ത വിശ്വാസം, സെന്റ് ഫ്രാന്‍സിസ് ടീം’ എന്ന ആത്മവിശ്വാസമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് പ്രധാനാധ്യാപകന് ആന്റണി മാസ്റ്റര്‍ പറഞ്ഞു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് രമേശ് ചെമ്പില്‍ അധ്യക്ഷനായി.



