30.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Punnayurkulam നൗഫലിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബിരിയാണി ചലഞ്ച്; നാടിന്റെ പിന്തുണയില്‍ വന്‍ വിജയം

നൗഫലിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബിരിയാണി ചലഞ്ച്; നാടിന്റെ പിന്തുണയില്‍ വന്‍ വിജയം

21

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അണ്ടത്തോട് സ്വദേശി നൗഫലിന്റെ തുടര്‍ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി ‘നൗഫല്‍ ചികിത്സാ സഹായ സമിതി’യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാടിന്റെ സര്‍വാത്മനാ പിന്തുണയോടെ വന്‍ വിജയമായി.വലിയ സാമ്പത്തിക ചെലവ് ആവശ്യമായ തുടര്‍ചികിത്സയും മരുന്നുകളും മുടങ്ങാതെ തുടരുന്നതിനായാണ് ജനകീയ കൂട്ടായ്മയുടെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് സുമനസ്സുകള്‍ ചലഞ്ചിന്റെ ഭാഗമായി. പ്രദേശത്തെ സന്നദ്ധ സംഘടനകളും യുവജന കൂട്ടായ്മകളും വിവിധ രാഷ്ട്രീയ, മത-സാംസ്‌കാരിക സംഘടനകളും വ്യാപാരികളും പ്രവാസികളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. ബിരിയാണി ചലഞ്ചിനായി അരിയും മറ്റ് അവശ്യസാധനങ്ങളും സ്പോണ്‍സര്‍ ചെയ്ത സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും ശ്രദ്ധേയമായി. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ നൗഫലിന്റെ ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം സമാഹരിക്കുകയായിരുന്നു ലക്ഷ്യം. സമിതി വൈസ് ചെയര്‍മാന്‍ സക്കരിയ പൂക്കാട്ട് സ്വാഗതം പറഞ്ഞു. സമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ്, കണ്‍വീനര്‍ വി. അബ്ദുസ്സമദിന് ബിരിയാണി ബക്കറ്റ് നല്‍കി ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറര്‍ വി. റഷീദ് മടപ്പേന്‍, 19-ാം വാര്‍ഡ് മെമ്പര്‍ പി. ഷിനോദ്, കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡിഫോര്‍ കുമാരന്‍പടി, അയല്‍ക്കൂട്ടം അണ്ടത്തോട് ഏരിയ, സേവന കൂട്ടായ്മ കുമാരന്‍പടി, ഗ്രാമസ്വരം മന്നലാംകുന്ന് കിണര്‍, റെഡ് ഹൗസ് കുമാരന്‍പടി, പ്രോഗ്രസ് ഓഫ് അണ്ടത്തോട്, സി.എച്ച് അണ്ടത്തോട്, നസീര്‍ സ്മാരക സമിതി ജി.സി.സി അണ്ടത്തോട്, സ്‌കില്‍ ഗ്രൂപ്പ് അണ്ടത്തോട്, എസ്.കെ.എസ്.എസ്.എഫ് അണ്ടത്തോട്, അജികാസ് പെരിയമ്പലം, ക്രസന്റ് തങ്ങള്‍പടി തുടങ്ങിയ പ്രമുഖ സന്നദ്ധ-യുവജന കൂട്ടായ്മകള്‍ ചലഞ്ചിന് പിന്തുണ നല്‍കി. ഇവയ്ക്കുപുറമെ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത-സാംസ്‌കാരിക സംഘടനകള്‍, വ്യാപാരികള്‍, പ്രവാസി കൂട്ടായ്മകള്‍, നാട്ടുകാര്‍ എന്നിവരും ബിരിയാണി ചലഞ്ചില്‍ പങ്കാളികളായി. നൗഫലിന്റെ ചികിത്സയ്ക്ക് ഒരു നാട് ഒന്നാകെ കൈകോര്‍ത്തതിന്റെ പ്രതിഫലനമായി മാറുകയായിരുന്നു ചലഞ്ച്. സുമനസ്സുകളുടെ കാരുണ്യത്താല്‍ സമാഹരിച്ച മുഴുവന്‍ തുകയും നൗഫലിന്റെ തുടര്‍ചികിത്സയ്ക്കും മരുന്നുകള്‍ക്കുമായി വിനിയോഗിക്കുമെന്ന് നൗഫല്‍ ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കാനും നൗഫലിന് ആശ്വാസമേകാനും ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!