രാത്രിയില്‍ ഓടിക്കളിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പത്തുവയസ്സുകാരന് യുവാവ് രക്ഷകനായി. ചിറമനേങ്ങാട് ലക്ഷംവീട് സ്വദേശി പരേതനായ ഇല്യാസിന്റെ മകന്‍ സൈനുല്‍ ആബിദീന്‍ ആണ് അപകടത്തില്‍പ്പെട്ടത്. വിവാഹ ചടങ്ങിനെത്തിയ മേഴത്തൂര്‍ സ്വദേശി സുല്‍ത്താന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിക്ക് പുതുജീവന്‍ നല്‍കിയത്.ഇന്നലെ രാത്രി 8മണിയോടെ ചിറമനേങ്ങാട് ലക്ഷംവീട് പരിസരത്തായിരുന്നു സംഭവം. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനോടനുബന്ധിച്ച് എത്തിയ കുട്ടികള്‍ സമീപത്തെ ഗ്രൗണ്ടില്‍ ഓടിക്കളിക്കുകയായിരുന്നു. ഇതിനിടയില്‍ സൈനുല്‍ ആബിദീന്‍ കാല്‍ വഴുതി ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീണു.ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതോടെ വിവാഹ ചടങ്ങിനെത്തിയവരും നാട്ടുകാരും ഓടിക്കൂടി. വിവാഹപാര്‍ട്ടിക്കൊപ്പം എത്തിയ തൃത്താല മേഴത്തൂര്‍സ്വദേശി സുല്‍ത്താന്‍ കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തുനിന്ന് അഗ്‌നിശമന സേനയുടെ റെസ്‌ക്യൂ ടീം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍, സേന എത്തുമ്പോഴേക്കും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ കുട്ടിക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ എന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധുക്കള്‍ അറിയിച്ചു.



