യുവാക്കളുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവം ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രഹസനമായി മാറിയെന്ന് പുന്നയൂര്‍ പഞ്ചായത്തിലെ വിക്ടറി ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു. പഞ്ചായത്ത് തലത്തില്‍ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥിക്ക് ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാണ് ആരോപണം.പുന്നയൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ പുരുഷന്മാരുടെ 85 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തില്‍ വിക്ടറി ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച തെക്കെ പുന്നയൂര്‍ സ്വദേശി അഫ്‌സല്‍ പൂവാലിക്കോട്ടിലിനാണ് ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുക്കാനാകാതെ പോയത്. പഞ്ചായത്ത് അധികൃതര്‍ സമയബന്ധിതമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി വൈകിയതോടെ ക്ലബ് ഭാരവാഹികള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വെബ്‌സൈറ്റ് വീണ്ടും തുറന്ന് പഞ്ചായത്ത് മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇത് അംഗീകരിച്ചില്ലെന്നാണ് ആരോപണം.പുന്നയൂരിന് പുറമെ ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ മത്സരാര്‍ത്ഥികളും ഉണ്ടായിരുന്നുവെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രതിനിധി മത്സരത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന്, പുന്നയൂര്‍ പഞ്ചായത്ത് ഒന്നാം സ്ഥാനക്കാരനായ അഫ്‌സലിനെ ഒഴിവാക്കി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ രണ്ടാം സ്ഥാനക്കാരന് വാക്കോവര്‍ നല്‍കി ജില്ലാതലത്തിലേക്ക് യോഗ്യത നല്‍കിയെന്നാണ് ആരോപണം.പഞ്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ അഫ്‌സല്‍ മത്സരിക്കാന്‍ തയ്യാറായിരിക്കെ രണ്ടാം സ്ഥാനക്കാരന് വാക്കോവര്‍ നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും അഫ്‌സലിന് പ്രത്യേക മത്സരാവസരം നല്‍കുകയോ മത്സരം പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും വിക്ടറി ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.



