32 C
Kunnamkulam
Saturday, November 28, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ ഓഫീസ് റോഡിലൂടെ പോകുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

കുന്നംകുളം നഗരസഭ ഓഫീസ് റോഡിലൂടെ പോകുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

0

നഗരസഭ ഓഫീസ് റോഡിലൂടെ പോകുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും യാതൊരു തുടര്‍നടപടികളും സ്വീകരിച്ചില്ലെന്ന് ബിജെപി അംഗം ശ്രീജിത്ത് ആവേന്‍ പറഞ്ഞു. പരാതികള്‍ ബോധിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ചോദിച്ചു.വലിയ വാഹനങ്ങള്‍ പോകാതിരിക്കാന്‍ തടസ്സം സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനം വേണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി. സോമശേഖരന്‍ ആവശ്യപ്പെട്ടു . സ്വകാര്യ ബസ്സുകളാണ് അധികവും തീരുമാനം ലംഘിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന്റെ കുറവാണ് പ്രശ്‌നമെന്നും നഗരസഭ വീണ്ടും യോഗം വിളിച്ചു ചേര്‍ക്കുമെന്നും ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പറഞ്ഞു. നഗരസഭാ പ്രദേശത്ത് തെരുവുനായ ചത്ത വിഷയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത് യോഗത്തെ കുറച്ചു നേരം അമ്പരപ്പിച്ചു. ഷാജിആലിക്കലും ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യനും തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭയുടെ അടുപ്പുട്ടിക്കുന്നിലെ സ്ഥലത്ത് ചത്തമൃഗങ്ങളെ കുഴിച്ചിടാനുള്ള സംവിധാനമുള്ളപ്പോള്‍ കൗണ്‍സില്‍മാരോട് നായയെ കുഴിച്ചിടണമെന്ന് ആരോഗ്യ വിഭാഗം ജീവനക്കാരന്‍ പറഞ്ഞതായി ഷാജി ആലിക്കല്‍ സൂചിപ്പിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍ ഇത് സംബന്ധിച്ച് മറുപടി പറയുന്ന ഇടയില്‍ ഷാജി ആലിക്കല്‍ മിഷ സെബാസ്റ്റ്യനു നേരെ ആക്രോശ പരാമര്‍ശം നടത്തി. ഇതിനെ തുടര്‍ന്ന് സമവായ ചര്‍ച്ച വേണമെന്ന് വൈസ് ചെയര്‍മാന്‍ പി ജി പ്രകാശ് പറഞ്ഞതോടെ ഇരുവരും ശാന്തരായി. വഴിവിളക്കുകള്‍ നന്നാക്കാത്തതില്‍ കൗണ്‍സിലര്‍മാര്‍ വ്യാപകമായ പരാതി ഉന്നയിച്ചു. നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉപയോഗം ഫലപ്രദമല്ലെന്ന് ലെബീബ് ഹസന്‍ കുറ്റപ്പെടുത്തി.ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കി. തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ എ ബി സി സെന്റര്‍ ആരംഭിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലമോ കെട്ടിടമോ വാടകയ്‌ക്കോ പാട്ടത്തിനോ ലഭിക്കുന്നതിന് താല്പര്യപത്രം ക്ഷണിക്കും. സമീപ പഞ്ചായത്ത് സ്ഥലവും പരിഗണിക്കാനും തീരുമാനിച്ചു. വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള
സിറ്റി ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ചെയര്‍പേഴ്‌സനെ ചുമതലപ്പെടുത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് വാഹനം ഏറ്റെടുത്ത് നടത്തുന്നതിനായി താല്പര്യപത്രം ക്ഷണിക്കാന്‍ തീരുമാനിച്ചു. നഗരസഭയെ സംരംഭക നഗരം എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ഏകോപനത്തിന് കോര്‍ഡിനേറ്ററെ നിയമിക്കാന്‍ കൗണ്‍സില്‍
യോഗത്തില്‍ തിരുമാനിച്ചു. കൗണ്‍സിലര്‍മാരായഗീത ശശി, രേഷ്മ സുനില്‍, രജിത തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ ചെയര്‍ പേഴിസണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!