സാഹിത്യം സാംസ്കാരിക ഉന്നമനത്തിനും ജീവിത പ്രതിസന്ധികളെ നേരിടുന്നതിനും സഹായിക്കുമെന്ന് പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ തല സൗജന്യ പുസ്തക വിതരണ ചടങ്ങില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.വിശാലമായ വായന ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാനും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് സന്തോഷം കണ്ടെത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയ അദ്ദേഹം, സര്‍ഗാത്മകത നിലനില്‍ക്കുന്നിടത്തോളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാഹിത്യത്തിന് വെല്ലുവിളിയാകില്ലെന്നും വ്യക്തമാക്കി. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ വിപുലമായ വായനയും നിരീക്ഷണശേഷിയും അറിയാത്ത വാക്കുകള്‍ എഴുതി പഠിക്കുന്ന ശീലവും വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.തൃശ്ശൂര്‍ മാതൃഭൂമി ബുക്ക്സില്‍ നടന്ന ചടങ്ങില്‍ യു.എസ്.എസ്. സ്കോളര്‍ഷിപ്പ് നേടിയവരില്‍ നിന്നും പരീക്ഷാഭവന് തെരഞ്ഞെടുത്ത വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി, വലപ്പാട് എന്നീ അഞ്ച് ഉപജില്ലകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ അവരുടെ അഭിരുചിക്കനുസരിച്ച് സ്വയം തെരഞ്ഞെടുത്തു.ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോഡിനേറ്റര്‍ എം.വി. പ്രഷോബ്, അധ്യാപികമാരായ പി.വി. സവിത, പി.കെ. നഷിമ എന്നിവര്‍ നേതൃത്വം നല്കി.



