മന്ത്രി കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. രാജി കത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്‍ ഇന്ന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാജി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍.
മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് ചരിത്രപരമായ ഉത്തരവുമായി കെ രാധാകൃഷ്ണന്‍. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. കോളനി പദം ഒഴിവാക്കിയതായ ഉത്തരവ് ഇറങ്ങി. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്.
സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും. മാനന്തവാടി എംഎല്‍എയും പട്ടികവര്‍ഗ വിഭാഗം നേതാവുമായ ഒ ആര്‍ കേളുവിന്റെ പേരിനാണ് മുന്‍ഗണനയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.