ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വികാരി പെരുന്നാള്‍ കൊടി ആശീര്‍വാദവും തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റവും നടത്തി.അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും 339 വര്‍ഷം മുമ്പ് കോതമംഗലത്തെത്തി മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 339 മത് ഓര്‍മ്മപെരുന്നാളാണ് ഇടവക ഒക്ടോബര്‍ 5, 6 ശനി , ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നത്. അഞ്ചാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യ നമസ്‌കാരം , വചന സന്ദേശം , ആശീര്‍വാദം ,നേര്‍ച്ച വിതരണം എന്നിവ നടക്കും. പെരുന്നാള്‍ ദിവസം ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥന , എട്ടിന് ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും ,മധ്യസ്ഥ പ്രാര്‍ത്ഥന , പെരുന്നാള്‍ സന്ദേശവും നടത്തും. പൊന്‍ – വെള്ളി കുരിശുകളേന്തി നാടിന്റെ സര്‍വ്വ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി അങ്ങാടി ചുറ്റിയുള്ള പെരുന്നാള്‍ പ്രദക്ഷിണവും തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തെടുത്ത് വിശ്വാസികള്‍ വണങ്ങും.നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും.കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മൂങ്ങാംകുന്നേല്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT