30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം ഒടുവില്‍ പോലീസ് പിടിയിലായി.

ഗുരുവായൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം ഒടുവില്‍ പോലീസ് പിടിയിലായി.

341

ഗുരുവായൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം ഒടുവില്‍ പോലീസ് പിടിയിലായി. സാഹസികമായി പ്രതികളെ പിടികൂടുന്നതിനിടെ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവര്‍ അറസ്റ്റിലായതോടെ തുമ്പില്ലാതെ കിടന്നിരുന്ന കവര്‍ച്ച കേസും തെളിഞ്ഞു.
കുന്നംകുളം കിഴൂര്‍ പുത്തിയില്‍ ശ്രീക്കുട്ടന്‍, ചാവക്കാട് തിരുവത്ര കണ്ണിച്ചി അനില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കില്‍ പിന്തുടര്‍ന്ന് കൈചെയിന്‍ പൊട്ടിക്കുകയാണ് ഇവരുടെ പതിവന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പോലീസ് ജീപ്പ് കണ്ട ഇവര്‍ ബൈക്ക് വെട്ടിച്ച് രക്ഷപ്പെട്ടു.
തുടര്‍ന്ന് പോലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തിരച്ചിലില്‍ കോട്ടപ്പടിയില്‍ നിന്നെ ഇവരെ കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇവരില്‍നിന്ന് കുരുമുളക് സ്‌പ്രേ, വ്യാജ നമ്പര്‍ പ്ലേറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരിയന്നൂര്‍, ഇരിങ്ങപ്പുറം, വടക്കേകാട് സ്റ്റേഷന്‍ പരിധിയിലെ നമ്പീശന്‍പടി, ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ താമരയൂര്‍, കമ്പിപ്പാലം എന്നിവിടങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂരില്‍ പൂക്കച്ചവടത്തിന് ആണെന്ന പേരിലാണ് രാത്രിയില്‍ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇവര്‍ അറസ്റ്റില്‍ ആയതോടെ താമരയൂരിലെ ദേവിസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് 10000 രൂപ അടങ്ങിയ സംഭാവന ബോക്‌സ് കവര്‍ന്ന കേസും ഇതോടെ തെളിഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സക്ക് ധനസഹായം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ 10000 ത്തോളം രൂപ അടങ്ങിയ സംഭാവന ബോക്‌സ് ആണ് കവര്‍ന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ മൂന്നുപേര്‍ മോഷണം നടത്തി തിരികെ പോകുന്ന ദൃശ്യം പോലീസിനെ ലഭിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ ശ്രീക്കുട്ടനെയും അനിലിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കോട്ടപ്പടി മനയത്ത് വീട്ടില്‍ നന്ദുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!