വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന് അറിയിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വെടിക്കെട്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും വി എന്‍ വാസവന് പറഞ്ഞു. തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി കെ രാജന് നേരത്തെ പ്രതികരിച്ചിരുന്നു. 35 നിയന്ത്രണങ്ങള്‍ ഉത്തരവിലുണ്ട്. ഇതില്‍ അഞ്ച് നിബന്ധനകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് പറയുന്നത്. ഇത് പാലിച്ചാല്‍ തേക്കിന്‍കാട് മൈതാനത്ത് വെടിക്കെട്ട് നടത്താനാകില്ലെന്നും കെ രാജന് ചൂണ്ടിക്കാട്ടിയിരുന്നു