പാര്‍ക്കിംഗ് ഫീസ് ചോദിച്ചതിന് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കാക്കക്കടവത്ത് പുതിയപുരക്കല്‍ ഷിഹാസിനെയാണ് (28) എസ്.ഐ. കെ.ആര്‍. വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങപ്പുറം സ്വദേശി ചേറൂര്‍ ജഗത്താണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 10.30-ഓടെ ഗുരുവായൂര്‍ നഗരസഭയുടെ ക്ഷേത്രപ്രവേശന സത്യാഗ്രഹം സ്മാരക പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ഷിഹാസ് കാറുമായി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ ജഗത്ത് പാര്‍ക്കിംഗ് ഫീസ് ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഷിഹാസും കൂടെയുണ്ടായിരുന്ന മൂന്നുപേരും ചേര്‍ന്ന് ജഗത്തിനെ ഇടിവളയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍, ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.



